കോതമംഗലം: കിണറ്റില്‍ വീണ ഒന്നരവയസ്സുകാരിയെ ആഴക്കിണറില്‍ നിന്ന് രക്ഷിച്ച ഷീല ദൈവത്തിന്റെ പ്രതിരൂപമാണിന്ന് ആ മാതാപിതാക്കള്‍ക്ക്. കിണറ്റില്‍ വീണ കുഞ്ഞിന്‍രെ കൂട്ടനിലവി കേട്ടാണ് മറ്റുള്ളവര്‍ക്കൊപ്പം ഷീലയും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. ഓടിയെത്തുമ്പോള്‍ അയല്‍പക്കത്തെ കിണറ്റിനു ചുറ്റും വലിയ ആള്‍ക്കൂട്ടത്തെയാണ് ഷീലയ്ക്കും കാണാനായത്.
താഴോട്ട് നോക്കുമ്പോള്‍ ആള്‍പ്പൊക്കം വെള്ളത്തില്‍ മുങ്ങിത്താഴുകയാണ് പിഞ്ചുകുഞ്ഞ്. എന്തുചെയ്യണമെന്നറിയാതെ ആള്‍ക്കൂട്ടം ആലോചിച്ചുനില്‍ക്കുമ്പോള്‍ ധൈര്യം സംഭരിച്ച് കയറില്‍ തൂങ്ങി ഷീല കിണറ്റിലേക്കിറങ്ങുകയായിരുന്നു.
പിന്നെയവിടെ ഷീലയിലൂടെ പ്രവര്‍ത്തിച്ചത് ദൈവത്തിന്റെ കരങ്ങളായിരുന്നുവെന്നു ചുറ്റുമുള്ളവര്‍ പറയുന്നു. കോരിയെടുത്തത് ഒരു ജീവന്‍. കുട്ടമ്പുഴയില്‍ കിണറ്റില്‍വീണ ഒന്നരവയസ്സുകാരി ഗൗരിനന്ദന ജീവിതത്തിലേക്ക് തിരികെക്കയറി.
കുട്ടമ്പുഴയ്ക്ക് സമീപം ഉരുളന്‍തണ്ണി പാലയ്ക്കല്‍ കിഷോര്‍-ഗോപിക ദമ്പതിമാരുടെ മകള്‍ ഗൗരിനന്ദനയാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. ഗൗരിനന്ദയെ ഒരു പോറലുപോലുമേല്‍ക്കാതെ രക്ഷിച്ചത് പുത്തന്‍പുരയ്ക്കല്‍ കുര്യന്റെ ഭാര്യ ഷീലയും. മുറ്റത്ത് കളിക്കുകയായിരുന്നു കുഞ്ഞ്. കിണറ്റിന്‍കരയില്‍ പാത്രം കഴുകുന്ന മുത്തശ്ശിയെ കണ്ട് എത്തിയപ്പോഴാണ് കാല്‍തെറ്റി കിണറ്റില്‍ വീണത്. ചെറിയ ചുറ്റുമതിലുള്ള കിണറിന്റെ മുകളില്‍ വിരിച്ചിരുന്ന വലയില്‍ കുടുങ്ങിയാണ് 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് കുഞ്ഞ് വീണത്.
ഷീല തൊഴിലുറപ്പ് പണികഴിഞ്ഞ് വീട്ടില്‍വന്നുകയറിയ സമയത്താണ് കൂട്ടനിലവിളി കേട്ടത്. കിണറിന്റെ അടിത്തട്ടിലെ പാറയില്‍ കയറിനില്‍ക്കാന്‍ കഴിഞ്ഞതോടെയാണ് കുഞ്ഞും ഷീലയും സുരക്ഷിതയായത്. മുകളില്‍ നിന്നിരുന്ന വെട്ടിത്തറ ബിജു കിണറ്റിലേക്കിറങ്ങി ഏണിയിലൂടെ കുഞ്ഞിനെ കരയ്ക്കെത്തിക്കുകയായിരുന്നു. കൂടിനിന്നവരുടെ സഹായത്തോടെ ഷീലയും പുറത്തെത്തി. കയറിലൂടെ ഊര്‍ന്നിറങ്ങിയതുമൂലം ഷീലയുടെ രണ്ട് കൈകള്‍ക്കും പരിക്കുണ്ട്.
ഷീലയുടെ ധീരതയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു പിന്നെ. ഒട്ടേറെപ്പേര്‍ ഷീലയെ സന്തോഷമറിയിച്ചു. തന്റെ പിഞ്ചുമകളെ രക്ഷിച്ച ഷീലയോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്ന് ഗോപിക പറഞ്ഞു.