കാര്‍ഗില്‍ പോരാട്ടചരിത്രത്തില്‍ ജ്വലിക്കുന്ന ഒര്‍മ്മയായ മേജര്‍ മാരിയപ്പന്‍ ശരവണന്‍. വെടിയേറ്റ് വീണിട്ടും 4 ശത്രു സൈനികരെ കാലപുരിക്കയച്ച ശേഷം മാത്രം മരണത്തിന് കീഴടങ്ങിയ ധീരനായ സൈനികന്‍ മേജര്‍ എം ശരവണന്‍ . സിയാച്ചിന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ ബാറ്റില്‍ഫീല്‍ഡ് എന്നറിയപ്പെടുന്ന ബട്ടലിക് സെക്ടറിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ജുബര്‍ ഹില്‍ടോപ്പിലെ പോയിന്റ് 4268 എന്ന തന്ത്രപ്രധാന പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മേജര്‍ ശരവണന്റെ യൂണിറ്റ് തങ്ങളുടെ മിഷന്‍ ആരംഭിച്ചത്.
പ്രദേശത്തിന്റെ ഉയരത്തിന്റെ മുന്‍തൂക്കം പാകിസ്ഥാന്‍ സൈന്യത്തിന് ലഭിച്ചതിനാല്‍ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. ഇതിനാല്‍ വര്‍ദ്ധിത വീര്യത്തോടെയാണ് ഇന്ത്യന്‍ സൈന്യം മൂന്നാം ശ്രമം ആരംഭിച്ചത്. ശത്രുവിന്റെ നേരെ മുന്നിലൂടെ മാത്രമേ ഇന്ത്യന്‍ സൈന്യത്തിന് പ്രദേശത്തേക്ക് കടക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍ സൂര്യനുദിക്കുന്നതിന് മുന്‍പ് പുലര്‍ച്ചെ 4 മണിയോടെ മേജര്‍ ശരവണന്റെ ബീഹാര്‍ റെജിമെന്റ് തങ്ങളുടെ മിഷന്‍ ആരംഭിച്ചു .
റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് രണ്ട് ശത്രുക്കളെ വധിച്ച മേജര്‍ ശരവണന് പോരാട്ടത്തില്‍ സാരമായി പരിക്കേറ്റു. കമാന്‍ഡിങ് ഓഫീസര്‍ അദ്ദേഹത്തിന് മെഡിക്കല്‍ സപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചുവെങ്കിലും ജൂബര്‍ ഹില്‍ടോപ്പ് പിടിച്ചെടുക്കാനുള്ള അവസാന അവസരമായി മിഷനെ കണ്ട മേജര്‍ ശരവണന്‍ വീണ്ടും രണ്ടു പാക് സൈനികരെ കൂടി വധിച്ച് മുന്നോട്ട് പോയി. പുലര്‍ച്ചെ 6.30 ന് ഹില്‍ടോപ്പില്‍ എത്തിയ അദ്ദേഹം തലയ്ക്ക് വെടിയേറ്റ് വീരമൃത്യു വരിച്ചു.
മേജര്‍ ശരവണന്റെ ജീവത്യാഗം സാക്ഷിയാക്കി പ്രതിജ്ഞയെടുത്ത ഒന്നാം ബീഹാര്‍ റെജിമെന്റ് ജൂലൈ 6ന് പോയിന്റ് 4268 പിടിച്ചെടുക്കുകയും കാര്‍ഗില്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്തു. ലെഫ്റ്റ്. കേണല്‍ ആദി മാരിയപ്പന്റെയും അമൃതവല്ലി മാരിയപ്പന്റെയും മകനായി 1972 ഓഗസ്റ്റ് പത്താം തീയതി രാമേശ്വരത്താണ് അദ്ദേഹം ജനിച്ചത്. രാജ്യം വീരചക്രം നല്‍കി ആദരിച്ച മേജര്‍ ശരവണന്‍ ഇന്ന് ബീഹാര്‍ റെജിമെന്റിന്റെ ഐതിഹാസികമായ പോരാട്ട വീര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു