ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നാണ് ഈ കരളലിയിക്കുന്ന കാഴ്ച പുറത്തു വന്നത്. വേട്ടക്കാര്‍ കൊന്നു കൊമ്പറുത്തെടുത്ത അമ്മ കാണ്ടാമൃഗത്തിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടി കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതിനൊപ്പം ഇടക്ക് അമ്മയുടെ പാലു കുടിക്കാനുള്ള ശ്രമവും ദയനീയമായി കരഞ്ഞു കൊണ്ട് കുട്ടി കാണ്ടാമൃഗം നടത്തുന്നുണ്ട്. കുട്ടിയെ രക്ഷപെടുത്താനെത്തിയ സംഘം സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ പൈലറ്റാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
എട്ട് വയസ്സ് പ്രായം വരുന്ന കാണ്ടാമൃഗത്തെയാണ് വേട്ടക്കാര്‍ വെടിവച്ചു കൊന്നത്. വനമധ്യത്തിലെ ചെളിക്കുണ്ടിലാണ് ഈ കാണ്ടാമൃഗത്തിന്റെ ജഢം കണ്ടെത്തിയത്. അമ്മയ്ക്ക് എന്താണു സംഭവിച്ചതെന്നറിയാതെ കരഞ്ഞും വിശന്നും തളര്‍ന്നവശ നിലയിലായിരുന്നു കൂടെയുണ്ടായിരുന്ന ഒന്നരമാസം പ്രായമുള്ള കുട്ടി കാണ്ടാമൃഗം. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നതിന് ഏതാണ്ട് ഏഴു മണിക്കൂര്‍ മുന്‍പ് തന്നെ കാണ്ടാമൃഗം കൊല്ലപ്പെട്ടിരുന്നുവെന്നാണ് കണക്കാക്കുന്നത്.