എന്നും കുംഭ മേളകളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് നാഗ സാധുക്കള്‍. ഹിമാലയത്തിലെ ഗുഹകളിലും മറ്റ് ഒറ്റപ്പെട്ട ഇടങ്ങളിലും താമസിക്കുന്നു എന്ന് പറയപ്പെടുന്ന നാഗ സാധുക്കള്‍ കുംഭ മേളയുടെ സമയത്ത് മാത്രമാണ് സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമാകുന്നത.് കുംഭമേളയില്‍ ഒത്തുചേരുന്ന ഇവര്‍ ഗംഗയില്‍ സ്‌നാനം ചെയ്യുകയും മറ്റുള്ളവരുമായി സമ്പര്‍ക്കം നടത്തുകയും ധ്യാനം നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നിരവധി പേരാണ് നാഗ സന്യാസിമാരുടെ അനുഗ്രഹം തേടി കുംഭമേളയിലെത്തുന്നത്. പ്രയാഗം രാജ് കുംഭമേളയിലും നിരവധി നാഗസന്യാസിമാരുടെ സാന്നിധ്യമുണ്ട്.
ആത്മീയ സത്യം തേടിയുള്ള യാത്രയിലാണ് ഇവര്‍. ഇതിനായി ഇവര്‍ ലൗകിക സുഖസൗഖ്യങ്ങളെല്ലാം തന്നെ ത്യജിക്കുന്നു. 6 മുതല്‍ 12 വര്‍ഷം വരെ കഠിനമായ ദിനചര്യകളിലൂടെയും മറ്റും കടന്നുപോയാല്‍ മാത്രമാണ് ഒരാളെ നാഗ സാധുവായി കണക്കാക്കപ്പെടുകയുള്ളു. വിവസ്ത്രരായ നാഗ സാധുക്കള്‍ ഭിക്ഷ യാചിച്ചാണ് ഭക്ഷണം നേടുന്നത്. ദിവസത്തില്‍ ഇവര്‍ ഒരു തവണ മാത്രമാണ് ഭക്ഷണം കഴിക്കുകയെന്നും പറയപ്പെടുന്നു.
കാമം, ക്രോധം തുടങ്ങിയവയെ ത്യജിക്കുന്നവനെ നാഗ സാധു എന്ന് വിളിക്കപ്പെടുന്നുവെന്ന് നാഗ സാധുവായ ദിഗംബര്‍ അഖിലേഷ് പുരി കുംഭ മേളയില്‍ വ്യക്തമാക്കുന്നു. ധര്‍മ്മത്തിന്റെ പരിരക്ഷയ്ക്ക് വേണ്ടിയും നാഗ സാധുക്കള്‍ പ്രവൃത്തിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.
ഭാരതത്തില്‍ ബുദ്ധ മതത്തിന്റെ പ്രഭാവം വര്‍ധിച്ച് വന്ന സാഹചര്യത്തില്‍ ഇതിനെ ചെറുക്കാനായി ആദി ശങ്കരാചാര്യര്‍ രൂപപ്പെടുത്തിയതാണ് അഖാരകളെന്ന് അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗത്തിലെ പ്രൊഫസര്‍ യോഗേശ്വര്‍ തിവാരി അഭിപ്രായപ്പെടുന്നു. അഖാരകളിലാണ് നാഗ സാധുക്കള്‍ താമസിക്കുന്നത്. ഹൈന്ദവ സംസ്‌കാരത്തെ ബുദ്ധ മതക്കാര്‍ ശാസ്ത്രമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നാഗ സാധുക്കളാണ് അതിന് ശാസ്ത്രമുപയോഗിച്ച് മറുപടി നല്‍കിയതെന്ന് അദ്ദേഹം പറയുന്നു. ഇവര്‍ വേണ്ടി വന്നാല്‍ ആയുധമെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.