
ഇന്ത്യയുടെ ഏറ്റവും വലിയ തീരദേശ നാവികാഭ്യാസം സീ വിജിൽ ഇന്നലെ ആരംഭിച്ചു.രാജ്യത്തിന്റെ 7517 കിലോമീറ്റർ തീരദേശത്തെ സുരക്ഷയും ആൻഡമാൻ നിക്കോബർ ഉൾപ്പെടെയുള്ള ദ്വീപുസമൂഹങ്ങളിലെ നാവിക സാന്നിദ്ധ്യവും സുരക്ഷയും മുൻ നിർത്തി നടത്തുന്ന ഈ നാവികാഭ്യാസം നാവികസേന ഉൾപ്പെടെ എല്ലാ തീരദേശ സുരക്ഷാ സേനകളും സംയുക്തമായാണ് നടത്തുന്നത്. സുരക്ഷാ വീഴ്ചകളെപ്പറ്റിയും അതിൽ കൈക്കൊള്ളേണ്ട നടപടികളെപ്പറ്റിയുമെല്ലാം ഈ നാവികാഭ്യാസത്തിൽ പരിശോധിയ്ക്കുമെന്നറിയുന്നു. ഇന്ത്യയുടെ അധീനതയിൽ വരുന്ന രണ്ട് ദശലക്ഷം കിലോമീറ്ററോളം കടൽ ഭാഗത്ത് നമ്മുടെ സാന്നിദ്ധ്യവും സുരക്ഷയും ഈ നാവികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭൗമവിസ്തൃതിയും ഉൾപ്പെടുന്ന സേനകളുടെ എണ്ണവും യൂണിറ്റുകക്കും സംസ്ഥാന സർക്കാർ സംവിധാനങ്ങളുമുൾപ്പെടെ ഈ രീതിയിലൊരു നാവികാഭ്യാസവും പരിശീലനവും വേറെങ്ങുമില്ലാത്തതാണെന്നും മത്സ്യബന്ധന, തീരദേശ സമൂഹങ്ങളുടേ കൂടെ പങ്കാളിത്തത്തോടെയാണ് ഈ സംയുക്ത നാവികാഭ്യാസം നടത്തുന്നതെന്നും നാവികസേനാ ഉപമേധാവി വൈസ് അഡ്മിറൽ ജി അശോക് കുമാർ അറിയിച്ചു.
35 വിമാനങ്ങൾ, ഹെലിക്കോപ്റ്ററുകൾ, ഡ്രോണുകൾ, 139 കപ്പലുകൾ, എന്നിവയും നൂറുകണക്കിനു ബോട്ടുകൾ, വഞ്ചികൾ, സെൻട്രൽ ഇന്റസ്ട്രിയൽ സേഫ്റ്റി ഫോഴ്സിന്റെ ബോട്ടുകളും ഉപകരണങ്ങളും തീരദേശ പോലീസ് സംവിധാനങ്ങൾ എന്നിവയും ഈ പരിശീലനത്തിലും അഭ്യാസത്തിലും പങ്കുചേരും. പല അടരുകളായുള്ള സുരക്ഷാ സംവിധാനത്തെ തകർത്ത് തീരത്തടുക്കാൻ ശ്രമിയ്ക്കുന്ന സമുദ്രയാനങ്ങൾ തടയാനുള്ള പരിശീലനവും അഭ്യാസവും നടക്കും.
26/11 മുംബൈ ആക്രമണങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള നാവികാഭ്യാസം രൂപപ്പെടുത്തിയത്.നമ്മുടേ നാവിക/തീരദേശ സുരക്ഷയുടെ ശക്തികളും ദൗർബല്യങ്ങളും ഇതിൽ വിലയിരുത്തപ്പെടുമെന്നും ഓഡിറ്റുകളും പരിശോധനകളും നടക്കുമെന്നും നാവികസേനാവൃത്തങ്ങൾ അറിയിച്ചു.